ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രാതീതകാലം മുതല്‍ തന്നെ ദ്രാവിഡസംസ്കാരമുള്ള ഒരു ജനവിഭാഗം ഈ പ്രദേശത്ത് അധിവസിച്ചിരുന്നതായി അനുമാനിക്കേണ്ടിയിരിക്കുന്നു. ഇവിടങ്ങളില്‍ കാണപ്പെടുന്ന നന്നങ്ങാടികള്‍, ഗുഹകള്‍ എന്നിവ ഇതിനുള്ള തെളിവുകളായി കണക്കാക്കാം. തുടര്‍ന്ന് ഏതോ കാലഘട്ടത്തില്‍ ആ ജനവിഭാഗം പലായനം ചെയ്യുകയോ നാമാവശേഷമാവുകയോ ചെയ്തിരിക്കാം. സുസ്ഥിരമായ ഒരു ഭരണക്രമം നിലവിലില്ലാത്തതോ, ഒരു കാലാനുസൃതമായ ചരിത്രഗതിവിഗതികള്‍ക്കൊപ്പം അവര്‍ക്ക് ഉയരാനാകാതെ പോയതോ ആകാം അതിനു കാരണം. ആര്യവല്‍ക്കരണത്തിന്റെ ഭാഗമായി ആദിമനിവാസികള്‍ ഘോരവനാന്തരങ്ങളിലേക്ക് പിന്‍വാങ്ങിയതായും തുടര്‍ന്നുണ്ടായ ജനതതി പലകാലഘട്ടങ്ങളിലായി പുനരധിവസിക്കപ്പെട്ടവരാണെന്നും കണക്കാക്കേണ്ടിയിരിക്കുന്നു. ആറങ്ങോട്ട് സ്വരൂപത്ത് വള്ളുവകോനാതിരിയുടെ ഭരണത്തിലായിരുന്ന വള്ളുവനാട് വല്ലഭക്ഷോണിരാജ്യത്തിലെ അട്ടപ്പാടി താഴ്വരയില്‍പ്പെട്ട ഭൂവിഭാഗമാണ് കാഞ്ഞിരപ്പുഴയെന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട പൊറ്റശ്ശേരി. ഒരുകാലത്ത് തെക്കേമലബാറിന്റെ ഭൂരിഭാഗം പ്രദേശത്തും പരമാധികാരം പുലര്‍ത്തിയിരുന്ന വള്ളുവനാട്ടുരാജാവില്നിന്നും, സാമൂതിരി തിരുനാവായ പിടിച്ചടക്കുകയും മാമാങ്കത്തിന്റെ അധ്യക്ഷപദവി വള്ളുവകോനാതിരിയില്‍നിന്നും പിടിച്ചെടുക്കുകയും ചെയ്തശേഷം, ഒറ്റപ്പാലം താലൂക്കിന്റെ ഏതാനും ചില ഭാഗവും അട്ടപ്പാടി താഴ്വരയും മാത്രമേ വള്ളുവനാടു രാജാവിന്റെ അധീനതയില്‍ അവശേഷിച്ചുള്ളു. ടിപ്പുവിന്റെ ആക്രമണം ഉണ്ടായപ്പോള്‍ രാജാവ് തിരുവിതാംകൂറില്‍ അഭയം പ്രാപിച്ചുവെന്നും, ബ്രിട്ടീഷുകാര്‍ മലബാര്‍ പ്രദേശങ്ങള്‍ ടിപ്പുവില്‍ നിന്ന് ഒഴിച്ചെടുത്തപ്പോള്‍ വള്ളുവനാട്ടുരാജാവ് ബ്രിട്ടീഷ് ഈസ്റ്റ്റ്റിന്ത്യ കമ്പനിയുമായി ഒരു കരാറിലേര്‍പ്പെട്ട് അടിത്തൂണ്‍ പറ്റിയെന്നും ചരിത്രരേഖകളില്‍ കാണുന്നു. 1800 മെയ് 21-ാം തീയതി മലബാര്‍ ജില്ല ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലുള്ള മദിരാശിപ്രവിശ്യയുടെ ഭാഗമായി തീരുകയും ചെയ്തു. ചിറയ്ക്കല്‍, കോട്ടയം, കുറുമ്പ്രനാട്, ഏറനാട്, വള്ളുവനാട്, പാലക്കാട് എന്നിങ്ങനെ മലബാറിലെ ആറു താലൂക്കുകളില്‍ ഒന്നായ വള്ളുവനാട് 1956 നവംബര്‍ ഒന്നാം തിയതി ഭാഷാടിസ്ഥാനത്തില്‍ കേരളസംസ്ഥാനം രൂപീകരിക്കും വരെ അതേ പേരില്‍ നിലകൊണ്ടു. മദിരാശി സംസ്ഥാനത്തിലെ മലബാര്‍ ജില്ലയില്‍പ്പെട്ട വള്ളുവനാട് താലൂക്കിലെ പൊറ്റശ്ശേരി അംശം ക്രമേണ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍പ്പെട്ട പൊറ്റശ്ശേരി വില്ലേജായി മാറി (പൊറ്റശ്ശേരി ഒന്നും രണ്ടും വില്ലേജുകളും, പാലക്കയം, കള്ളമല വില്ലേജുകളിലെ ഏതാനും ഭാഗവും ചേര്‍ന്നതാണ് ഇന്നത്തെ കാഞ്ഞിരപ്പുഴപഞ്ചായത്ത്). ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭകാലത്ത് അലയടിച്ച ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേരിയ അലയൊലികള്‍ ഈ പ്രദേശത്തുമുണ്ടായിട്ടുണ്ട്. അരിപ്പനാഴിയിലെ പഴക്കം ചെന്ന മുസ്ളീം ദേവാലയത്തിന്റെ ചുമരുകളില്‍ വെടിയുണ്ടയേറ്റ പാടുകള്‍ ഇന്നും ദൃശ്യമാണ്. തന്നെയുമല്ല ഈ പ്രദേശത്ത് ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയിരുന്ന കുമരംപുത്തൂര്‍ സീതിക്കോയ തങ്ങള്‍, കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വെള്ളത്തോട് കളത്തില്‍ കുട്ടപ്പണിക്കരുടെ ആതിഥ്യത്തില്‍ താമസിച്ചിരുന്നതായി കരുതപ്പെടുന്നു. ബ്രിട്ടീഷ് മലബാറിന്റെ ഭാഗമായ പൊറ്റശ്ശേരി പ്രദേശത്ത് കര്‍ഷകപ്രസ്ഥാനത്തിന് ശക്തമായ വേരോട്ടമുണ്ടായിരുന്നു. കുടിയാന്‍മാരായ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ജീവിതത്തില്‍ ഇത് ഗുണപരമായ മാറ്റം വരുത്തി. ഉടമയോട്, പണിയെടുത്ത കൂലിക്കായുള്ള വിലപേശല്‍ സംഘടിതമായി നടന്നിട്ടുണ്ട്. 1940-കളില്‍ സംഘടിത തൊഴിലാളിവര്‍ഗ്ഗം കൂലിയായ മൂന്ന് നാരായം നെല്ല് എന്നത് മൂന്നര നാരായമാക്കിമാറ്റാന്‍ കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ സമരം ചെയ്ത് അവകാശം നേടിയെടുത്തിട്ടുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഇന്നത്തെ കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ രൂപകല്പനയ്ക്ക് നിദാനമായ പ്രക്ഷോഭങ്ങളില്‍ ഈ പ്രദേശത്തുള്ളവരും തങ്ങളുടെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അക്കാലത്ത് രൂപംകൊണ്ട വായനശാലാപ്രസ്ഥാനം, കലാസമിതികള്‍ എന്നിവയ്ക്ക് ഇവിടെ വേരോട്ടമുണ്ടായില്ല. നേതൃനിരയിലെ വിദ്യാസമ്പന്നരുടെ അഭാവവും നിരക്ഷരതയും ആയിരിക്കാം ഇതിന്റെ പ്രധാന കാരണം. കേരളസംസ്ഥാന രൂപീകരണവും ഇന്ത്യയില്‍തന്നെ ആദ്യവും ചരിത്രപ്രധാനവുമായ ഭൂപരിഷ്കരണനിയമവും സാമൂഹിക സാമ്പത്തിക, സാംസ്കാരിക മാറ്റത്തിന് കളമൊരുക്കി. നദികളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഇന്നത്തെ കഞ്ഞിരംപ്പുഴ പഞ്ചായത്തില്‍പ്പെട്ട മുഴുവന്‍ പ്രദേശങ്ങളും പൊറ്റശ്ശേരിയെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വള്ളുവനാട്ടിലെ പതിനെട്ടര ചേരികളില്‍ അരചേരി(ശേഖരിക്കല്‍)യാണ് ഇതെന്നും പറയപ്പെടുന്നു. ഇവിടുത്തെ ചില സ്ഥലനാമങ്ങള്‍ സൂചിപ്പിക്കുന്നത് ചില പ്രത്യേകതരം സസ്യങ്ങളും, വൃക്ഷങ്ങളും, ധാതുക്കളും, മൃഗങ്ങളും ഈ പ്രദേശത്ത് ധാരാളമായി ഉണ്ടായിരുന്നുവെന്നാണ്. കാട്ടിഞ്ചി സുലഭമായി ലഭിച്ചിരുന്ന ഇഞ്ചികുന്ന്, കാട്ടുവെറ്റില ധാരാളം കണ്ടുവന്നിരുന്ന വെറ്റിലചോല, ഈറ്റവര്ഗ്ഗത്തില്പ്പെട്ട ഉള്ളുപൊള്ളായ, കൊറണ സമൃദ്ധിയായി കണ്ടുവന്നിരുന്ന കൊറണക്കുന്ന്, ഇരുമ്പകവൃക്ഷങ്ങളും കാട്ടരുവികളുമുള്ള ഇരുമ്പകചോല, കാട്ടാനകളുടെ ആവാസകേന്ദ്രമായ ആനക്കരണം, നരികള്‍ സുലഭമായി വിഹരിച്ചിരുന്ന നരിയംകോട്, അരിച്ചാല്‍ നാഴി പൊന്നുകിട്ടിയിരുന്ന അരിപ്പനാഴി, പിച്ചളയോ സമാനലോഹങ്ങളോ ഖനനം ചെയ്തിരുന്ന പിച്ചളമുണ്ട എന്നിവ മേല്‍പ്പറഞ്ഞ സ്ഥലനാമങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. പുളിമരങ്ങള്‍ സുലഭമായുണ്ടായിരുന്ന പുളിക്കല്‍ പട്ടരുടെ പ്രദേശമായ പട്ടി(ഭട്ടി)മണ്ണും, രായിന്‍ എന്നയാളുടെ ആവാസകേന്ദ്രമായിരുന്ന രായിന്‍തുരുത്തിയും കാലാന്തരത്തില്‍ നാമകരണം ചെയ്യപ്പെട്ട പ്രദേശങ്ങളാണെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഇതില്‍ പുളിക്കല്‍, പട്ടിമണ്ണ് എന്നീ പ്രദേശങ്ങള്‍ പില്‍ക്കാലത്ത് കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ ജലസംഭരണിയില്‍ ആണ്ടുപോയി. പുളിക്കല്‍ എന്ന പേരില്‍ കാഞ്ഞിരപ്പുഴ ഗവ.യു.പി.സ്കൂള്‍ മാത്രം ഇന്നും നിലനില്‍ക്കുന്നുണ്ട്. കാട്ടാറുകളും കാട്ടു വിഭവങ്ങളും സുലഭമായിരുന്ന ഫലഭൂയിഷ്ഠമായ ഈ മലമ്പ്രദേശത്ത് ഓരോ തൊഴിലാവശ്യത്തിന് വ്യത്യസ്ത ജനവിഭാഗങ്ങള്‍ കുടിയേറിപ്പാര്‍ത്തത് സ്വാഭാവികമാണ്. ഏലം, ഏലവങ്ങം, പന്തക്കട്ട, ചീനിക്ക എന്നിവ ശേഖരിച്ച് വ്യാപാരം നടത്താന്‍ ചെട്ടിയാന്മാരും, പൊന്നരിക്കല്, മുളവെട്ടല്‍ എന്നീ ജോലികള്‍ക്കായി മുസ്ളീങ്ങളും കുടിയേറിയിട്ടുണ്ടാകാം. ഇരുമ്പയിര്‍ ഉരുക്കി ഇരുമ്പ് വേര്‍തിരിച്ചെടുക്കാന്‍ മപ്പാട്ടുകരയില്‍ നിന്നും ഇവിടെ കുടിയേറിപ്പാര്‍ത്തവരാണ് ആലയ്ക്കല്‍ കുടുംബക്കാര്‍ എന്നും പറയപ്പെടുന്നു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് മലകളും നീര്‍മറിപ്രദേശങ്ങളായ മലഞ്ചെരുവുകളും, കുന്നിന്‍പുറങ്ങളും, സമതലങ്ങളും ഇടകലര്‍ന്ന് വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയുള്ള ഒരു മലയോരഗ്രാമമാണ്. ഈ വൈവിധ്യം പഞ്ചായത്തിലെ കൃഷിരീതികളിലും പ്രകടമാണ്. മലഞ്ചെരുവുകളില്‍ റബ്ബറും, കുരുമുളകും, കുന്നിന്പുറങ്ങളില് തെങ്ങ്, മാവ്, പ്ളാവ്, തുടങ്ങിയവയും, സമതലങ്ങളില്‍ നെല്ല്, വാഴ, കവുങ്ങ് മുതലായവയും കൃഷി ചെയ്തുവരുന്നു. റബ്ബറും, തെങ്ങും സമതലപ്രദേശങ്ങളിലും വ്യാപിച്ചുതുടങ്ങിയിട്ടുണ്ട്. ഇടവിളയായി ഇഞ്ചി, ചേന, ചേമ്പ്, കാച്ചില് എന്നിവയും വിവിധ പ്രദേശങ്ങളില്‍ മരച്ചീനിയും സുലഭമായി കൃഷിചെയ്യുന്നു. മുന്‍കാലങ്ങളില്‍ സമതലപ്രദേശങ്ങളിലെ നെല്‍കൃഷിയിലാണ് ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ചിരുന്നത്. കീടരോഗബാധകളെ അതിജീവിക്കാന്‍ കെല്‍പുള്ള ആര്യന്‍, കഴമ, ചിറ്റ്യാനി, തവളക്കണ്ണന്‍, ജീരകചമ്പാന്‍, ചെറിവട്ടന്‍, വലിയവട്ടന്‍ എന്നീ വിത്തിനങ്ങളാണ് മുന്‍കാലങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്നത്. പറമ്പുകൃഷിക്കു പറ്റിയ മോടന്‍ നെല്‍വിത്തും നിലവിലുണ്ടായിരുന്നു. മുണ്ടകന്‍കൊയ്ത്തു കഴിഞ്ഞാല്‍ ചാമ, എള്ള്, മുതിര, ഉഴുന്ന് മുതലായവ നെല്‍പ്പാടങ്ങളില്‍ കൃഷി ചെയ്തുപോന്നിരുന്നു. അത്തരം ഇടവിളകളാണ് വാസ്തവത്തില്‍ കര്‍ഷകരെ നിലനിര്‍ത്തിയിരുന്നത്. 20-താം നൂറ്റാണ്ടിനു മുന്‍പു തന്നെ പലവിധ ആവശ്യങ്ങള്‍ക്കും ഉപജീവനത്തിന് വേണ്ടി വന്നുചേര്‍ന്ന വിവിധ വിഭാഗം ജനങ്ങളുടെ പിന്‍തുടര്‍ച്ചക്കാരും അനന്തരഗാമികളുമാണ് കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഇന്നത്തെ ജനസമൂഹം. അതിനുമുമ്പ് ഇവിടെ ജനവാസമില്ലായിരുന്നുവെന്ന് ഇതിന് അര്‍ത്ഥമില്ല. അട്ടപ്പാടിമലനിരകളുടെ വിദൂരതാഴ്വരയായ ഈ പ്രദേശത്തും ആദിവാസിസമൂഹങ്ങളുണ്ടായിരുന്നു. ഇവിടെ വന്നു പാര്‍പ്പുറപ്പിച്ചവര്‍ നിര്‍ണ്ണായക ശക്തിയായതോടെ അവര്‍ ദൂരക്കാടുകളിലേക്ക് പിന്‍വാങ്ങുകയാണ് ചെയ്തത്. ഇത്തരം പിന്‍വാങ്ങലുകള്‍ ചില ദശാസന്ധികളിലുണ്ടായിട്ടുണ്ട്. അക്കാലത്ത് ഇവിടെ വന്നെത്തിയ ആറോ, ഏഴോ കുടുംബങ്ങളായിരുന്നു ഭൂമിയുടെ ഉടമകള്‍. അവര്‍ യഥാര്‍ത്ഥ ഉടമകളല്ലായിരുന്നു. ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ ഇവരുടെ ആശ്രിതരോ, തൊഴില്ചെയ്യുന്നവരോ, കൃഷിക്കാരോ ആയിരുന്നു. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ എത്തിയ കുടുംബങ്ങളും അക്കാലത്ത് ഇവിടെ വാസമുറപ്പിച്ചു. കാഞ്ഞിരപ്പുഴ ഡാമിന്റെ പണിയുമായി ബന്ധപ്പട്ട് ഈ പ്രദേശത്ത് സ്ഥിരതാമസമാക്കിയ അന്യസംസ്ഥാനക്കാര്‍ക്കും കുടിയേറ്റക്കാര്‍ക്കും നീണ്ടകാലത്തെ ചരിത്രമില്ല. ഹിന്ദുമുസ്ളീം ക്രിസ്ത്യന്‍ മതവിശ്വാസികളുടെ വിവിധ ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. മതമൈത്രിയുടെ പ്രതീകമായ അമ്പുകുന്ന് നേര്‍ച്ച പ്രശസ്തമാണ്. ഈ നേര്‍ച്ചയില്‍ പങ്കുകൊള്ളാന്‍ വളരെയകലെനിന്നു പോലും ഭക്തജനങ്ങള്‍ എത്താറുണ്ട്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികള്‍ ഈ പ്രദേശത്തെയും തൊട്ടുപോയിട്ടുണ്ട്. 1960-കള്‍ക്ക് മുമ്പുതന്നെ കാഞ്ഞിരപ്പുഴ പഞ്ചായത്തിലും എല്‍.പി.സ്കൂളുകള്‍ സ്ഥാപിതമായി.